
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന് എക്സൈസ് അഡീഷണൽ കമ്മിഷണറുടെ നിർദേശം. ഡെപ്യൂട്ടി കമ്മിഷണർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഇതുസംബന്ധിച്ച സർക്കുലർ നൽകിയിരിക്കുന്നത്.
പുതിയ മദ്യനയം നിലവിൽ വരുന്നതിന് മുൻപ് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് എക്സൈസ് വകുപ്പിൽ നിർണായക നടപടികളിലേക്ക് നയിച്ചത്. ഇതേത്തുടർന്ന് സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് എക്സൈസ് അഡീഷണൽ കമ്മിഷണർ ആർ. ജയശങ്കറിന് കമ്മിഷണറുടെ അധിക ചുമതലയും കൈമാറി.
ഈ ഉദ്യോഗസ്ഥ മാറ്റങ്ങൾക്ക് പിന്നാലെയാണ് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി അഡീഷണൽ കമ്മിഷണറുടെ സർക്കുലർ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ലൈസൻസ് അനുവദിക്കേണ്ടതില്ലെന്നാണ് നിർദേശത്തിന്റെ ഉള്ളടക്കം.










